നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Monday, April 11, 2011

പെരുന്നാള് വിളി


പെരുന്നാളായിററ് ഞമ്മള്യൊന്നും വിളിക്ക്ന്നില്ലേ കദീശ്ത്താ.....
ഇടവഴിയിലൂടെ പോകുന്ന ഗണേശന്‍  മതിലിനുമേലത്തെ പറമ്പില്‍ 
ആടു മേക്കുന്ന കദീശത്തായോട് ലോഗ്യം പറഞ്ഞു.
അയ്യടാ കയിഞ്ഞ സ്വയന്ത്യ്ര ദെനത്തിന് ഞി ഞമ്മള ക്ഷണിച്ചീല്ലാലോ... 
അന്ന ഞമ്മളും ബിളിക്കുല^
കദീശത്താന്റെ മറുപടി വന്നു.

Saturday, December 11, 2010

പുട്ടും പീലിയും

'വെള്ളേട്ടാ പുട്ടിന്റുള്ളില്‍'ഒരു മുടിനാര്'

കപ്പക്കറിയും കൂട്ടി പുട്ട് അകത്ത് കമഴ്ത്തുന്നതിനിടെ ദിനേശന്‍ കണ്ടെത്തല്‍ വിളംബരം ചെയ്തു.
സമാവറിലെ കനലൂതുന്നതിനിടെ തിരിഞ്ഞു നിന്ന് വെള്ളേട്ടന്റെ മറുപടി വന്നു

നാലുറുപ്പ്യക്ക് തര്ന്ന പുട്ടില് മു ട്യല്ലാണ്ട് മയില്‍പ്പീലി വെച്ച്വരാന്‍ പറ്റ്വോ ചങ്ങായീ....

Thursday, September 2, 2010


മുകുന്ദന്റെ ഡല്‍ഹി സമദിനെ വിളിച്ചപ്പോള്‍

മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദനാണ്
പൂളക്കല്‍ കണ്ടി സമദിനെ
നാടു വിടാന്‍ പ്രേരിപ്പിച്ചത്. 'ഡല്‍ഹി' ഉറക്കമിളച്ച് വായിച്ചതിന്റെ നാലാം പക്കമാണ് ഉമ്മാന്റെ മൂന്നരപവന്‍ മാലയും അയ്യായിരത്തി പതിമൂന്നുറുപ്പികയും സമാഹരിച്ച് ഓന്‍ ഡല്‍ഹി കാണാനായി ഒളിച്ചുപാഞ്ഞത്.
മുതുവക്കര ഉല്‍സവത്തിന് ചട്ടി കളിയില്‍ പങ്കുകൊണ്ട് കൈവരിച്ചതിന്റെ ശേഷിപ്പ്  പതിമൂന്നുറുപ്പ്യേം അസ്തിത്വ സങ്കടോം മാത്രായിനും ത്രേ അന്നത്തെ സ്വന്തമെന്നു പറയാനുള്ള യാത്രാ ബത്ത. ബാക്കി പുന്നാര ഉമ്മാനെ കണ്ണുവെട്ടിച്ചതും.
ഇറക്ക സീനിനു മുമ്പ് ഉമ്മയുമായി ഒരു തര്‍ക്കം കഴിച്ചതിനാല്‍ നേരത്തോടു നേരം കഴിഞ്ഞപ്പോള്‍ ഉമ്മാക്കും ഇക്കാക്കും അനന്തിരവനും ആധിയായി. നാടാകെ ഓനായി നാട്ടുകാര് പരതി. സുധാകരേട്ടന്‍ ട്രിപ്പ് ത്യജിച്ച് ജീപ്പ് എന്‍ക്വയറി സംഘത്തിനായി വിട്ടുകൊടുത്തു.
അപ്പോഴാണ് കോഴിക്കോട് റെയില്‍വേ ബൂത്തില്‍ നിന്ന് ഖല്‍ബിന്റെ ഫോണ്‍മൊഴി.

ഡല്‍ഹിക്ക് ടിക്കറ്റെടുത്തു.
 മഹായാനം ഉടന്‍ തുടങ്ങും.

ഉമ്മാ നെഞ്ചത്തടിച്ച് നിലവിളീം തുടങ്ങി.
പിറ്റേന്ന് പൊലരാന്‍ നേരത്ത്  ജീപ്പില്‍ ആള് മുറ്റത്ത് വന്നിറങ്ങി.
ഫോണ്‍ വിളിക്ക് ശേഷം ട്വിസ്റ്റ്.
പണവും ടിക്കറ്റും മാലയുമടങ്ങിയ ബാഗ് ഭും ശൂന്യം!
കള്ളനു തെറിവിളിച്ച് അവസാന കോയിനില്‍ തോഴനെ വിളിച്ചു. നാട്ടിലെത്തിക്കണേ....
പിറ്റേന്ന് ചായപ്പീടികച്ചര്‍ച്ചയില്‍ മുകുന്ദന്റെ ഡല്‍ഹിയും സമദിന്റെ ഒളിച്ചോട്ടവും ഹൈലൈറ്റായി.

ഓന്‍ മുകുന്ദന്റെ 'റഷ്യ' വായിക്കാഞ്ഞത് നന്നായി. പിന്ന പിടിച്ചാകിട്ട്വായിനോ?

ലൈബ്രേറിയന്‍ കുഞ്ഞിക്കേളപ്പേട്ടന്‍ ആശ്വസിച്ചു.
പീട്യക്കോലായില്‍ നെടുവീര്‍പ്പിന്റെ സംഘഗാനം.

Thursday, July 8, 2010

പാവം ഉറുഗ്വായ് 
കുഞ്ഞിക്കണാരേട്ടന്റെ പീടിക കോലയില്‍ 20 ഇഞ്ച് സ്ക്രീനില്‍ ലോകകപ്പ് പൂത്തു തളിര്‍ത്തു. പരാഗ്വേയ് ഗോളിയുടെ അമ്മായിയപ്പന്റെ സ്വഭാവം വരെ പഠന വിധേയമാക്കിയ അതി ഫുട്ബോളന്‍ എക്സ് മില്‍ട്രി രാഘവേട്ടന്‍ മുതല്‍ പന്ത് പോസ്റ്റ് ഗോളെന്ന ബാലപാഠം മാത്രമറിയുന്ന പാണ്ടന്‍ സുധന്‍ വരെ വീടുപേക്ഷിച്ച് ഉറക്കവുമായി ബന്ധം വേര്‍പെടുത്തി അവിടെ കളി അനുഭവിച്ചു.
ഹോളണ്ട് ബ്രസീല്‍ പ്രീ കോര്‍ട്ടര്‍
ബ്രസീല്‍ ഒട്ടും നുരയുന്നുമില്ല പതയുന്നുമില്ല. തണുപ്പന്‍ നീക്കങ്ങള്‍

പറഞ്ഞിറ്റ് കാര്യല്ല ഓരെ നല്ല കളിക്കാരന്‍ ഉറുഗ്വായ് ന്ന് ടീമിലില്ലാഞ്ഞിട്ടാ- സുധന്റെ കമന്ററി വലിയൊരു ചിരിയുടെ അകമ്പടിയോടെ  വീണു പൊട്ടി.

പത്രത്തില്ണ്ട്  ഉറുഗ്വായെ പരിക്ക് അലട്ട്ന്നെന്ന്-സുധന്‍ ബഹളം മറികടന്ന് സമര്‍ഥിച്ചു.

Tuesday, June 22, 2010

രമേശന്റെ മനോധര്‍മ്മ നാടകം
കലാസമിതി നാടക മല്‍സരങ്ങളുടെ സീസണ്‍. ഉദ്യാനം കലാസമിതിയുടെ റിഹേഴ്സല്‍ ക്യാമ്പ് നാരായണന്‍ മാഷിന്റെ വീടാണ്. കലാസ്േനഹിയായതിനാല്‍ നാടകചെലവിന്റെ വലിയ പങ്കും താരങ്ങള്‍ക്ക് ഭക്ഷണ സുഭിക്ഷതകളും മാഷ് ഏറ്റെടുത്തിരിക്കയാണ്.
ഒറ്റ കണ്ടീഷന്‍ നാടകത്തില്‍ മരുമകന്‍ രമേശനും അവസരം നല്‍കണം.
സെലക്ഷന്‍ സമയത്തു തന്നെ രമേശന്‍ കഴിവു തെളിയിച്ചു. ബാല്യമോര്‍ത്ത് തുമ്പിയെ പിടിക്കാന്‍ പോകുന്ന മാനസികരോഗിയുടെ ചലനം. രമേശന്‍ അന്വര്‍ഥമാക്കിയപ്പോള്‍ സംവിധായകന്‍ ഭാസ്കരന്‍ തമാരൂരിന്റെ കമന്റ്
ഞ്ഞി എന്താടാ പടകത്തിന് തീ കൊട്ക്കാന്‍ പോന്നോ...ഇങ്ങന്യാ തുമ്പീനെ പിടിക്യാ...
രമേശന്‍ കാണിച്ച പ്രകടനത്തിന് പറ്റിയ ഉപമയെന്ന് സഹതാരങ്ങള്‍ക്ക് തോന്നി.രണ്ടാം ദിനം കൊണ്ടു തന്നെ ഒരു കാര്യം ഗ്യാരണ്ടിയായി. രമേശന്‍ അഭിനയമല്ല നാടകം തകര്‍ക്കുമെന്ന്.

സംവിധായകനും സഹതാരങ്ങളും വിമത നീക്കം നടത്തി. നാരായണന്‍ മാഷെ വിഷമിപ്പിക്കരുത്്, നാടകം നന്നാവണം. വഴി തെളിഞ്ഞു.നാടകത്തില്‍ ഒരു പ്യൂണിന്റെ വേഷം സന്നിവേശിപ്പിച്ചു. സംഭാഷണമില്ല, രംഗം ദുര്‍ലബം,ചില സാധനങ്ങള്‍ എത്തിക്കുന്ന പണി മാത്രം. അഭിനയിച്ച ു തകര്‍ക്കാന്‍ ആവേശപ്പെട്ടു വന്ന രമേശന്‍ അങ്ങനെ ഒതുങ്ങി.

ആദ്യ മല്‍സരം കൊല്ലോറപ്പറമ്പില്‍. തരക്കേടില്ലാതെ നാടകം മുന്നോട്ട് പോയി. രമേശന്റെ ഊഴം. മാനേജര്‍ മണി മുഴക്കുമ്പോള്‍ ഫയല്‍ എത്തിക്കണം.രമേശന്‍ രംഗത്ത്. കാണികളെ കണ്ടപ്പോള്‍ അഭിനയഭ്രമം ഉച്ചിയില്‍ കയറി രമേശന്‍ മനോധര്‍മം തുടങ്ങി. പ്യൂണ്‍ ചുമച്ച് കഫം തുപ്പുന്ന ഹമ്മേ ഹയ്യോ പറയുന്ന ക്ഷയരോഗിയായി നിറഞ്ഞാടി.രണ്ട് സെക്കന്റില്‍ തീരേണ്ട രംഗം അധിക സംഭാഷണവും ചേര്‍ത്ത് അഞ്ചുമിനിറ്റോളം നീണ്ടു.
വേദിക്കു പിറകില്‍ സംവിധായകന്‍ കത്തിജ്വലിച്ചു. നാടകം കഴിഞ്ഞു. രമേശന്റെ പ്രഛനനവേഷമാഴിച്ച് ബാക്കി നന്നായെന്ന് ആസ്വാദകര്‍ വിധിച്ചു.
'നീയെന്തിനാ ചുമച്ചു തുപ്പി ആര്‍ഭാടമാക്കിയത്.ആരു പറഞ്ഞു നിന്നോടങ്ങനെ ചെയ്യാന്‍'
സംവിധായകന്‍ രമേശനോട് ഉറഞ്ഞു തുള്ളി.
അത് നമ്മടെ പ്യൂണിന് ഭയങ്കര ക്ഷയരോഗമുള്ളതോണ്ടാ.സംഭവം തകര്‍ത്തില്ലേ
രമേശന്റെ മറുപടിയില്‍ സംവിധായകന്‍ തറപറ്റി.
രണ്ടാം വേദി കൈതപ്പറമ്പ് സ്കൂളില്‍. റിഹേഴ്സലിന് നേരത്തെ തന്നെ മനോധര്‍മരമേശന്‍ സന്നിഹിതനായി.എത്ര കാത്തിട്ടും തന്റെ നമ്പര്‍ വരുന്നില്ലെന്ന് കണ്ട് രമേശന്‍ അന്വേഷിച്ചു.എന്റെ പ്യൂണ്‍..
'അറിഞ്ഞില്ലേ ക്ഷയം മൂര്‍ച്ചിച്ച് മൂപ്പര് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു പോയി. പാവം'.സംവിധായകന്‍ ടൈമിംഗ് തെറ്റാതെ ആഞ്ഞടിച്ചു.

Monday, June 21, 2010


ശാന്തേടത്തിയുടെ മില്ലേനിയം
രണ്ടായിരാമാണ്ട് പിറക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങള്‍. കമ്പ്യൂട്ടറിനെ തകര്‍ക്കാന്‍ സാധ്യതയുള്ള വൈ റ്റു കെ പ്രോബ്ലവും ലോകാവസാനമെന്ന ആശങ്കയുമെല്ലാം നാട്ടു ചര്‍ച്ചകളില്‍ ഇടം നേടി. മില്ലേനിയം വരവില്‍ പത്രങ്ങളിലും ആഘോഷം. ആകെ എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നുണ്ടെന്ന പതിവു തോന്നല്‍ ജനത്തിനെ ഹരം കൊള്ളിക്കുന്ന സമയം.
ഞാട്ടിപ്പറമ്പത്ത് ശാന്തേടത്തീടെ അടുക്കളപ്പുറത്തു ചേര്‍ന്ന ഉച്ച വനിതാ സമ്മേളനത്തില്‍ ഉയര്‍ന്നു കേട്ട ആശങ്ക.
'ഇനി നമ്മളെങ്ങന്യാ കൊല്ലം ചോയ്ച്ചാ പറയാ.ആയിരത്തിത്തൊള്ളായിരത്തി രണ്ടായിരം ന്നൊക്കെ പറഞ്ഞു വരാനെത്ര പാടാ ല്ലേ'
അതും പറഞ്ഞ് രമണ്യേടത്തി വലിയ ചര്‍ച്ചക്ക് തുടക്കമിട്ടു.

Friday, June 18, 2010

ഹൈ ടെക് കുട്ടിക്കളി
അഞ്ചുവയസുകാരന്‍ മകന്‍ സപ്രൂട്ടന്‍ കട്ടിലില്‍ കിടന്ന് എന്തൊക്കെയോ പരാക്രമങ്ങള്‍ കാട്ടുന്ന കാര്യം ഭാര്യയാണ് രാജീവന്റെ ശ്രദ്ധയിലേക്ക് ക്ഷണിച്ചത്. ചെന്നു നോക്കുമ്പോള്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് മനസിലായി. സപ്രു പ്രത്യേകരീതിയില്‍ കമിഴ്ന്ന് നിന്ന് കൈകള്‍ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുന്നു. ഭീകര ശബ്ദശല്യവും സൃഷ്ടിക്കുന്നുണ്ട്.
എന്തേടാ നിനക്ക് എന്തേന്ന്?
രാജീവന്റെ ഹൈവോള്‍ട്ടേജ് നാദത്തില്‍ സപ്രു നോര്‍മലായി. വോക്ക് ഔട്ട് നടത്തി.
പിന്നെയും ഭാര്യ വിവരമറിയിച്ചു. ചെക്കന്‍ പതിവു കലാപരിപാടി തുടരുന്നു. രാജീവന്‍ ചെന്നപ്പോള്‍ പഴയ പൊസിഷനില്‍ തന്നെ കളി തുടരുന്നു.
വീണ്ടും അലര്‍ച്ച. വോക്ക് ഔട്ട്.
മൂന്നാം തവണ രാജീവന്‍ ചെന്നത് വടിയുമായി.സംഘര്‍ഷാവസ്ഥ.
എന്താടാ നീ കാട്ട്ന്നേ? രാജീവന്‍ അലറി.
സഹികെട്ട് സപ്രു പറഞ്ഞു.
ഒന്ന് ജെ.സി.ബി കളിക്കാനും സമ്മേക്കൂലേ അച്ചാ?