നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Tuesday, June 22, 2010

രമേശന്റെ മനോധര്‍മ്മ നാടകം
കലാസമിതി നാടക മല്‍സരങ്ങളുടെ സീസണ്‍. ഉദ്യാനം കലാസമിതിയുടെ റിഹേഴ്സല്‍ ക്യാമ്പ് നാരായണന്‍ മാഷിന്റെ വീടാണ്. കലാസ്േനഹിയായതിനാല്‍ നാടകചെലവിന്റെ വലിയ പങ്കും താരങ്ങള്‍ക്ക് ഭക്ഷണ സുഭിക്ഷതകളും മാഷ് ഏറ്റെടുത്തിരിക്കയാണ്.
ഒറ്റ കണ്ടീഷന്‍ നാടകത്തില്‍ മരുമകന്‍ രമേശനും അവസരം നല്‍കണം.
സെലക്ഷന്‍ സമയത്തു തന്നെ രമേശന്‍ കഴിവു തെളിയിച്ചു. ബാല്യമോര്‍ത്ത് തുമ്പിയെ പിടിക്കാന്‍ പോകുന്ന മാനസികരോഗിയുടെ ചലനം. രമേശന്‍ അന്വര്‍ഥമാക്കിയപ്പോള്‍ സംവിധായകന്‍ ഭാസ്കരന്‍ തമാരൂരിന്റെ കമന്റ്
ഞ്ഞി എന്താടാ പടകത്തിന് തീ കൊട്ക്കാന്‍ പോന്നോ...ഇങ്ങന്യാ തുമ്പീനെ പിടിക്യാ...
രമേശന്‍ കാണിച്ച പ്രകടനത്തിന് പറ്റിയ ഉപമയെന്ന് സഹതാരങ്ങള്‍ക്ക് തോന്നി.രണ്ടാം ദിനം കൊണ്ടു തന്നെ ഒരു കാര്യം ഗ്യാരണ്ടിയായി. രമേശന്‍ അഭിനയമല്ല നാടകം തകര്‍ക്കുമെന്ന്.

സംവിധായകനും സഹതാരങ്ങളും വിമത നീക്കം നടത്തി. നാരായണന്‍ മാഷെ വിഷമിപ്പിക്കരുത്്, നാടകം നന്നാവണം. വഴി തെളിഞ്ഞു.നാടകത്തില്‍ ഒരു പ്യൂണിന്റെ വേഷം സന്നിവേശിപ്പിച്ചു. സംഭാഷണമില്ല, രംഗം ദുര്‍ലബം,ചില സാധനങ്ങള്‍ എത്തിക്കുന്ന പണി മാത്രം. അഭിനയിച്ച ു തകര്‍ക്കാന്‍ ആവേശപ്പെട്ടു വന്ന രമേശന്‍ അങ്ങനെ ഒതുങ്ങി.

ആദ്യ മല്‍സരം കൊല്ലോറപ്പറമ്പില്‍. തരക്കേടില്ലാതെ നാടകം മുന്നോട്ട് പോയി. രമേശന്റെ ഊഴം. മാനേജര്‍ മണി മുഴക്കുമ്പോള്‍ ഫയല്‍ എത്തിക്കണം.രമേശന്‍ രംഗത്ത്. കാണികളെ കണ്ടപ്പോള്‍ അഭിനയഭ്രമം ഉച്ചിയില്‍ കയറി രമേശന്‍ മനോധര്‍മം തുടങ്ങി. പ്യൂണ്‍ ചുമച്ച് കഫം തുപ്പുന്ന ഹമ്മേ ഹയ്യോ പറയുന്ന ക്ഷയരോഗിയായി നിറഞ്ഞാടി.രണ്ട് സെക്കന്റില്‍ തീരേണ്ട രംഗം അധിക സംഭാഷണവും ചേര്‍ത്ത് അഞ്ചുമിനിറ്റോളം നീണ്ടു.
വേദിക്കു പിറകില്‍ സംവിധായകന്‍ കത്തിജ്വലിച്ചു. നാടകം കഴിഞ്ഞു. രമേശന്റെ പ്രഛനനവേഷമാഴിച്ച് ബാക്കി നന്നായെന്ന് ആസ്വാദകര്‍ വിധിച്ചു.
'നീയെന്തിനാ ചുമച്ചു തുപ്പി ആര്‍ഭാടമാക്കിയത്.ആരു പറഞ്ഞു നിന്നോടങ്ങനെ ചെയ്യാന്‍'
സംവിധായകന്‍ രമേശനോട് ഉറഞ്ഞു തുള്ളി.
അത് നമ്മടെ പ്യൂണിന് ഭയങ്കര ക്ഷയരോഗമുള്ളതോണ്ടാ.സംഭവം തകര്‍ത്തില്ലേ
രമേശന്റെ മറുപടിയില്‍ സംവിധായകന്‍ തറപറ്റി.
രണ്ടാം വേദി കൈതപ്പറമ്പ് സ്കൂളില്‍. റിഹേഴ്സലിന് നേരത്തെ തന്നെ മനോധര്‍മരമേശന്‍ സന്നിഹിതനായി.എത്ര കാത്തിട്ടും തന്റെ നമ്പര്‍ വരുന്നില്ലെന്ന് കണ്ട് രമേശന്‍ അന്വേഷിച്ചു.എന്റെ പ്യൂണ്‍..
'അറിഞ്ഞില്ലേ ക്ഷയം മൂര്‍ച്ചിച്ച് മൂപ്പര് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു പോയി. പാവം'.സംവിധായകന്‍ ടൈമിംഗ് തെറ്റാതെ ആഞ്ഞടിച്ചു.

Monday, June 21, 2010


ശാന്തേടത്തിയുടെ മില്ലേനിയം
രണ്ടായിരാമാണ്ട് പിറക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങള്‍. കമ്പ്യൂട്ടറിനെ തകര്‍ക്കാന്‍ സാധ്യതയുള്ള വൈ റ്റു കെ പ്രോബ്ലവും ലോകാവസാനമെന്ന ആശങ്കയുമെല്ലാം നാട്ടു ചര്‍ച്ചകളില്‍ ഇടം നേടി. മില്ലേനിയം വരവില്‍ പത്രങ്ങളിലും ആഘോഷം. ആകെ എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നുണ്ടെന്ന പതിവു തോന്നല്‍ ജനത്തിനെ ഹരം കൊള്ളിക്കുന്ന സമയം.
ഞാട്ടിപ്പറമ്പത്ത് ശാന്തേടത്തീടെ അടുക്കളപ്പുറത്തു ചേര്‍ന്ന ഉച്ച വനിതാ സമ്മേളനത്തില്‍ ഉയര്‍ന്നു കേട്ട ആശങ്ക.
'ഇനി നമ്മളെങ്ങന്യാ കൊല്ലം ചോയ്ച്ചാ പറയാ.ആയിരത്തിത്തൊള്ളായിരത്തി രണ്ടായിരം ന്നൊക്കെ പറഞ്ഞു വരാനെത്ര പാടാ ല്ലേ'
അതും പറഞ്ഞ് രമണ്യേടത്തി വലിയ ചര്‍ച്ചക്ക് തുടക്കമിട്ടു.

Friday, June 18, 2010

ഹൈ ടെക് കുട്ടിക്കളി
അഞ്ചുവയസുകാരന്‍ മകന്‍ സപ്രൂട്ടന്‍ കട്ടിലില്‍ കിടന്ന് എന്തൊക്കെയോ പരാക്രമങ്ങള്‍ കാട്ടുന്ന കാര്യം ഭാര്യയാണ് രാജീവന്റെ ശ്രദ്ധയിലേക്ക് ക്ഷണിച്ചത്. ചെന്നു നോക്കുമ്പോള്‍ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് മനസിലായി. സപ്രു പ്രത്യേകരീതിയില്‍ കമിഴ്ന്ന് നിന്ന് കൈകള്‍ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കുന്നു. ഭീകര ശബ്ദശല്യവും സൃഷ്ടിക്കുന്നുണ്ട്.
എന്തേടാ നിനക്ക് എന്തേന്ന്?
രാജീവന്റെ ഹൈവോള്‍ട്ടേജ് നാദത്തില്‍ സപ്രു നോര്‍മലായി. വോക്ക് ഔട്ട് നടത്തി.
പിന്നെയും ഭാര്യ വിവരമറിയിച്ചു. ചെക്കന്‍ പതിവു കലാപരിപാടി തുടരുന്നു. രാജീവന്‍ ചെന്നപ്പോള്‍ പഴയ പൊസിഷനില്‍ തന്നെ കളി തുടരുന്നു.
വീണ്ടും അലര്‍ച്ച. വോക്ക് ഔട്ട്.
മൂന്നാം തവണ രാജീവന്‍ ചെന്നത് വടിയുമായി.സംഘര്‍ഷാവസ്ഥ.
എന്താടാ നീ കാട്ട്ന്നേ? രാജീവന്‍ അലറി.
സഹികെട്ട് സപ്രു പറഞ്ഞു.
ഒന്ന് ജെ.സി.ബി കളിക്കാനും സമ്മേക്കൂലേ അച്ചാ?

Thursday, June 17, 2010

ദാമു മാഷ് മനുഷ്യനാണോ?
സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന ദാമു മാസ്റ്ററുടെ വിരമിക്കല്‍ ചടങ്ങ്. ഓരോ സഹപ്രവര്‍ത്തകരായി ദാമുമാസ്റ്ററുടെ ഗുണഗണങ്ങള്‍ എടുത്തുപറഞ്ഞ്  ഉച്ചഭാഷിണിക്കു മുന്നില്‍ ഉറഞ്ഞാടുന്നു. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായ മാഷെക്കുറിച്ച് ഇനി സംസാരിക്കുന്നത് ഹിന്ദി അധ്യാപകന്‍ വിക്രമന്‍ മാഷാണ്. മാഷ് സദസിനെ സംബോധനചെയ്ത് ഉച്ചസ്ഥായിയില്‍ തുടങ്ങി.
'ഇതുവരെയുള്ള പരിചയം വെച്ച് പറഞ്ഞാല്‍ വേണു മാഷ് ഒരു മനുഷ്യനാണോ? ഞാന്‍ ചോദിക്കുന്നു വേണു മാഷ് മനുഷ്യനാണോ എന്ന'്.
സദസ് സ്തംഭിച്ചു പോയി.ബഹളം തുടങ്ങി .നാട്ടുകാര്‍ വേദിയില്‍ കയറി.മുന്‍വൈരാഗ്യമുള്ള ആരൊക്കെയോ പലിശസഹിതം അവസരം മുതലാക്കി. ഇടയില്‍  ഞാന്‍ ബാക്കി പറയട്ടെ എന്ന വിക്രമന്‍ മാഷിന്റെ ദുര്‍ഭലശബ്ദം പറഞ്ഞുകൊണ്ടിരുന്നു.ഒടുവില്‍ ദാമുമാഷ് ഇടപെട്ട് രംഗം ശാന്തമാക്കിയപ്പോള്‍ വിക്രമന്‍ മാഷ് തുടര്‍ന്നു
.'ദാമു മാഷ് മനുഷ്യനല്ല ദൈവമാ ദൈവം'

Sunday, June 13, 2010

ചിമ്പാന്‍സിയും മന്ത്രിയും
വളരെ മുന്‍പുള്ള സംഭവം. വിദേശ പര്യടനത്തിടെ മന്ത്രി ചിമ്പാന്‍സികളുള്ള മൃഗശാല സന്ദര്‍ശിച്ചു. ഒരു പത്രത്തില്‍ ചിമ്പാന്‍സിക്കൊപ്പമുള്ള മന്ത്രിയുടെ പടവും വാര്‍ത്തയും വന്നു.പടത്തിനൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ മന്ത്രി ചിമ്പാന്‍സിയെ സന്ദര്‍ശിച്ചപ്പോള്‍ (മന്ത്രി വലത്ത്)!!!!!

തിയേറ്റര്‍ മുതലാളിയുടെ ഷോ
തൃശൂരുള്ള തിയേറ്റര്‍ ഉടമ അറു പിശുക്കനാണ്. ഷോക്കിടയില്‍ കരണ്ടു പോയാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യം മൂപ്പര്‍ക്ക് അചിന്ത്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂവിവിളിച്ച് സഹൃദയരുടെ തൊണ്ടക്കൂഴി വരണ്ട് സഹാറയാകുമെന്ന് ചുരുക്കം. എല്ലാം കേട്ട് കരണ്ട് വരുന്നത് വരെ നമ്മുടെ ബോസ് പ്രൊജക്റ്റ് റൂമിലുണ്ടാവും. ഒരിക്കല്‍ മീശമാധവന്‍ കളിക്കുന്നു.ക്ലൈമാക്സിന് അഞ്ച് മിനിറ്റുമുന്‍പ് ദാ കരണ്ട് പണിമുടക്കുന്നു. കാണികള്‍ കലാപരിപാടി തുടങ്ങി.കുറേക്കഴിഞ്ഞപ്പോള്‍ പ്രൊജക്റ്റ് റൂമിനുള്ളില്‍ നിന്ന് തല പുറത്തിട്ട് ബോസ് കാണികളോട് പറഞ്ഞു.'നി എന്തൂട്ട് കാണാനാ ഒവ്വേ...നൊമ്മടെ ഇന്ദ്രജിത്തിനെ പൂശും ദിലീപും കാവ്യെം ഒന്നാവും ചെയ്യും.അത്രേ ള്ളൊ...കൂവണ നേരം കൊണ്ട് ഒന്ന് പോടാ പ്പാ'