നാട്ടുകൂട്ടങ്ങളില്‍ കേള്‍ക്കുന്ന തമാശകള്‍ക്ക്‌, നുണക്കഥകള്‍ക്ക്‌ പിന്നില്‍ അറിപ്പെടാതെ പോകുന്ന സഞ്‌ജയന്‍മാരുടെ സര്‍ഗാത്മകതയുണ്ട്‌. ചിരിപ്പിച്ച്‌ കണ്ണീര്‍ തൂവിപ്പിക്കും ചിലത്‌...അപ്രതീക്ഷിതമായി ഓര്‍മ്മയില്‍ വന്ന്‌ വീണ്‌ പരിസരം മറന്ന്‌ ചിരിപ്പിച്ചു കളയും..സാഹചര്യത്തിന്റെ യാതൊരു ഔപചാരികതകള്‍ക്കും നിന്നുകൊടുക്കാതെ പിറക്കണമെന്ന്‌ ഉറച്ചാല്‍ തമാശ പിറന്നോളും...അകമ്പടിക്ക്‌ നല്ല നെഞ്ചുതുറന്ന ചിരിയും.............

Thursday, September 2, 2010


മുകുന്ദന്റെ ഡല്‍ഹി സമദിനെ വിളിച്ചപ്പോള്‍

മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദനാണ്
പൂളക്കല്‍ കണ്ടി സമദിനെ
നാടു വിടാന്‍ പ്രേരിപ്പിച്ചത്. 'ഡല്‍ഹി' ഉറക്കമിളച്ച് വായിച്ചതിന്റെ നാലാം പക്കമാണ് ഉമ്മാന്റെ മൂന്നരപവന്‍ മാലയും അയ്യായിരത്തി പതിമൂന്നുറുപ്പികയും സമാഹരിച്ച് ഓന്‍ ഡല്‍ഹി കാണാനായി ഒളിച്ചുപാഞ്ഞത്.
മുതുവക്കര ഉല്‍സവത്തിന് ചട്ടി കളിയില്‍ പങ്കുകൊണ്ട് കൈവരിച്ചതിന്റെ ശേഷിപ്പ്  പതിമൂന്നുറുപ്പ്യേം അസ്തിത്വ സങ്കടോം മാത്രായിനും ത്രേ അന്നത്തെ സ്വന്തമെന്നു പറയാനുള്ള യാത്രാ ബത്ത. ബാക്കി പുന്നാര ഉമ്മാനെ കണ്ണുവെട്ടിച്ചതും.
ഇറക്ക സീനിനു മുമ്പ് ഉമ്മയുമായി ഒരു തര്‍ക്കം കഴിച്ചതിനാല്‍ നേരത്തോടു നേരം കഴിഞ്ഞപ്പോള്‍ ഉമ്മാക്കും ഇക്കാക്കും അനന്തിരവനും ആധിയായി. നാടാകെ ഓനായി നാട്ടുകാര് പരതി. സുധാകരേട്ടന്‍ ട്രിപ്പ് ത്യജിച്ച് ജീപ്പ് എന്‍ക്വയറി സംഘത്തിനായി വിട്ടുകൊടുത്തു.
അപ്പോഴാണ് കോഴിക്കോട് റെയില്‍വേ ബൂത്തില്‍ നിന്ന് ഖല്‍ബിന്റെ ഫോണ്‍മൊഴി.

ഡല്‍ഹിക്ക് ടിക്കറ്റെടുത്തു.
 മഹായാനം ഉടന്‍ തുടങ്ങും.

ഉമ്മാ നെഞ്ചത്തടിച്ച് നിലവിളീം തുടങ്ങി.
പിറ്റേന്ന് പൊലരാന്‍ നേരത്ത്  ജീപ്പില്‍ ആള് മുറ്റത്ത് വന്നിറങ്ങി.
ഫോണ്‍ വിളിക്ക് ശേഷം ട്വിസ്റ്റ്.
പണവും ടിക്കറ്റും മാലയുമടങ്ങിയ ബാഗ് ഭും ശൂന്യം!
കള്ളനു തെറിവിളിച്ച് അവസാന കോയിനില്‍ തോഴനെ വിളിച്ചു. നാട്ടിലെത്തിക്കണേ....
പിറ്റേന്ന് ചായപ്പീടികച്ചര്‍ച്ചയില്‍ മുകുന്ദന്റെ ഡല്‍ഹിയും സമദിന്റെ ഒളിച്ചോട്ടവും ഹൈലൈറ്റായി.

ഓന്‍ മുകുന്ദന്റെ 'റഷ്യ' വായിക്കാഞ്ഞത് നന്നായി. പിന്ന പിടിച്ചാകിട്ട്വായിനോ?

ലൈബ്രേറിയന്‍ കുഞ്ഞിക്കേളപ്പേട്ടന്‍ ആശ്വസിച്ചു.
പീട്യക്കോലായില്‍ നെടുവീര്‍പ്പിന്റെ സംഘഗാനം.

No comments:

Post a Comment